ചിന്താശീലനായ വിശ്വാസി
വ്യക്തിസംസ്‌കരണത്തിന്റെ അകവും പുറവും -2
ഡോ: മുഹമ്മദ് അലി അല്‍ഹാശിമി
വിവ: അബ്‌ദുറഹ്‌മാന്‍ തുറക്കല്‍
ഉല്‍കൃഷ്‌ട സ്വഭാവ വിശേഷങ്ങളാലും ജീവിത രീതികളാലും ചുറ്റുമുള്ള സമൂഹത്തെ തങ്ങളിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് കുളിര്‍മ നല്‍കാനും ഇസ്‌ലാമിന്റെ അനുയായികള്‍ക്കും പ്രബോധകര്‍ക്കും കഴിയണമെന്നാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. അതിനാല്‍ മറ്റുള്ളവരുടെ കണ്ണിനും മനസ്സിനും വെറുപ്പും പ്രയാസവുമുണ്ടാക്കുന്ന കാര്യങ്ങള്‍ അവനില്‍ നിന്നുണ്ടായികൂടാ. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സൗന്ദര്യ ബോധത്തെ ഐഹിക സുഖാഢംബരങ്ങള്‍ വെടിയുന്നതിന്റെയും ലാളിത്യത്തിന്റെയും വിനയത്തിന്റെയും പേരില്‍ പറ്റെ അവഗണിക്കാന്‍ യഥാര്‍ഥ മുസ്‌ലിമിന് കഴിയുകയില്ല. അത് ഇസ്‌ലാമിക ചര്യക്ക് നിരക്കാത്തതാണ്. പ്രവാചകന്‍ (സ) വരെ സൗന്ദര്യത്തെ ഇഷ്‌ടപെടുകയും സുന്ദരമാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. അല്ലാഹു കനിഞ്ഞരുളിയ അനുഗ്രഹങ്ങള്‍ പ്രകടിപ്പിക്കലായിരുന്നു അതിലൂടെ പ്രവാചകന്റെ ഉദ്ദേശ്യം. ``തീര്‍ച്ചയായും അല്ലാഹു തന്റെ അടിമകള്‍ക്ക്‌് നല്‍കിയ അനുഗ്രഹം പ്രകടമാവുന്നതാണ് അവന് ഇഷ്‌ടം'' (തിര്‍മുദി).
ഇബ്‌നു സൈദിന്റെ `ത്വബഖാത്തില്‍' ഇങ്ങനെ കാണാം. ജൂന്‍ദു ബ്‌നു മകീസി(റ)ല്‍ നിന്ന് നിവേദനം: ``പ്രത്യേക സംഘം ആഗതരാകുമ്പോള്‍ നബി(സ) ഏറ്റവും നല്ല വസ്‌ത്രങ്ങള്‍ ധരിക്കുകയും, അനുചരന്മാരോട് അങ്ങനെ വസ്‌ത്രം ധരിക്കാന്‍ കല്‍പ്പിക്കുകയും ചെയ്‌തിരുന്നു. കിന്‍ദയില്‍ നിന്നു ഒരു സംഘം പ്രവാചക സന്നിധിയില്‍ വന്ന ദിവസം അവിടുന്ന് യമന്‍ നിര്‍മിതമായ ഒരു പുതുവസ്‌ത്രം ധരിച്ചതായി ഞാന്‍ കണ്ടു. അതുപോലെ തന്നെ അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരെയും.''
ഇബ്‌നു മുബാറക്ക്, ത്വബ്‌റാനി, ഹാകിം, ബൈഹഖി തുടങ്ങിയവര്‍ ഉമറി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിലിങ്ങനെ കാണാം: പുതിയൊരു വസ്‌ത്രം കൊണ്ടുവരാന്‍ നബി(സ) കല്‍പിക്കുന്നത് ഞാന്‍ കണ്ടു. പിന്നീടത് അണിയുകയും തന്റെ തൊണ്ടക്കുഴി വരെ എത്തുകയും ചെയ്‌തപ്പോള്‍ അവിടുന്ന് പറഞ്ഞു: ``എന്റെ ജീവിതത്തിന് സൗന്ദര്യമാകാനും എന്റെ നഗ്നത മറക്കാനും എനിക്ക് വസ്‌ത്രം നല്‍കിയ അല്ലാഹുവിന് സ്‌തുതി.''
അല്ലാഹു തന്റെ അടിമകള്‍ക്ക് ഭംഗിയുള്ളതും മാന്യവും നല്ലതുമായ വസ്‌ത്രങ്ങള്‍ അണിയാന്‍ അനുവാദം നല്‍കുന്നുണ്ട്, പരിധികള്‍ ലംഘിക്കരുതെന്ന ഉപാധിയോടെ.
``ആദം സന്തതികളേ, നിങ്ങള്‍ എല്ലാ ആരാധനാ സന്ദര്‍ഭങ്ങളിലും അലങ്കാരങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക. ധൂര്‍ത്തടിക്കരുത്. തീര്‍ച്ചയായും അല്ലാഹു ധൂര്‍ത്തന്മാരെ ഇഷ്‌ടപെടുന്നില്ല. പറയുക, അല്ലാഹു അവന്റെ അടിമകള്‍ക്ക് വേണ്ടി അനുവദിച്ച സൗന്ദര്യാലങ്കാരങ്ങളെയും സദ്‌വിഭവങ്ങളെയും ആരാണ് നിഷിദ്ധമാക്കുന്നത്? പറയുക, അത് ഐഹിക ജീവിതത്തില്‍ വിശ്വാസികള്‍ക്കുള്ളതാണ്, അന്ത്യനാളില്‍ അവര്‍ക്ക് മാത്രമുള്ളതും. ഇപ്രകാരം അറിവുള്ള ജനത്തിന് നാം ദൃഷ്‌ടാന്തങ്ങള്‍ വിവരിച്ചുകൊടുക്കുകയാകുന്നു''. (അല്‍അഅ്‌റാഫ് 32,33).
ഇബ്‌നു മസ്‌ഊദില്‍ നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നു. നബി (സ) പറഞ്ഞു: ``അണുമണിതൂക്കം അഹങ്കാരം ആരുടെയെങ്കിലും മനസ്സിലുണ്ടെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'' അപ്പോള്‍ ഒരാള്‍ ചോദിച്ചു: ``ഒരു മനുഷ്യന്‍ അവന്റെ വസ്‌ത്രവും ചെരിപ്പുമെല്ലാം നല്ലതാകണമെന്ന് കൊതിക്കുന്നു. അത് അഹങ്കാരമായി ഗണിക്കുമോ?'' നബി (സ) പറഞ്ഞു: ``അല്ലാഹു സൗന്ദര്യവാനാണ്. സൗന്ദര്യത്തെ അവന്‍ ഇഷ്‌ടപ്പെടുന്നു. അഹങ്കാരം സത്യത്തെ പുഛിച്ച് പുറന്തള്ളലും ജനങ്ങളെ നിന്ദ്യരാക്കലുമാണ്.''
സച്ചരിതരായ സ്വഹാബികളുടെയും താബിഉകളുടെയും നിലപാടും ഇതായിരുന്നുവെന്ന് കാണാം. ഒരിക്കല്‍ അബൂഹനീഫ തന്റെ സദസ്സില്‍ കീറിപറിഞ്ഞ വസ്‌ത്രം ധരിച്ച ഒരാള്‍ ഇരിക്കുന്നത് കണ്ടു. മറ്റെല്ലാവരും പോയി അയാളും അബൂഹനീഫയും തനിച്ചായപ്പോള്‍ നല്ല വസ്‌ത്രങ്ങള്‍ വാങ്ങാനായി അബൂഹനീഫ അയാള്‍ക്ക് ആയിരം ദിര്‍ഹം നല്‍കി. അപ്പോള്‍ അയാള്‍ പറഞ്ഞു: ``ഞാന്‍ ധാരാളം സമ്പത്തിനുടമയാണ്. എനിക്ക് താങ്കളുടെ സഹായം ആവശ്യമില്ല.'' അബൂഹനീഫ നീരസത്തോടെ അദ്ദേഹത്തോട് പറഞ്ഞു: ``താങ്കളെ ഞാന്‍ പ്രവാചകന്റെ ഒരു വാക്യം കേള്‍പ്പിക്കട്ടെ? അവിടുന്ന് പറഞ്ഞു: `അല്ലാഹു തന്റെ അടിമകള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ പ്രകടിപ്പിച്ച് കാണാന്‍ അവന്‍ ഇഷ്‌ടപ്പെടുന്നു.' അതിനാല്‍ ഈ അവസ്ഥയില്‍ നിന്ന് താങ്കള്‍ മാറണം. മാത്രമല്ല, താങ്കളുടെ കാര്യത്തില്‍ താങ്കളുടെ സ്‌നേഹിതന്മാര്‍ ദുഃഖിക്കാതിരിക്കുകയും വേണം''.
ഇസ്‌ലാമിക പ്രബോധകന്റെ വസ്‌ത്രവിധാനവും ജീവിത രീതികളും ആകര്‍ഷണീയവും മികവാര്‍ന്നതും ഭംഗിയുള്ളതുമായിരിക്കണം. ഉപദേശിക്കുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ ആദ്യം കാണിച്ച് കൊടുക്കേണ്ടവരാണവര്‍. മനുഷ്യ പ്രകൃതിയെ അതിന്റെ ഭംഗിയോടും അലങ്കാരത്തോടും സംരക്ഷിക്കലും അതിനായി കൊതിക്കലും ദീനിന്റെ ഭാഗമാണ്. എന്നാല്‍ അതിന് ചില പരിധികളും പരിമിതികളുണ്ട്. അവ ലംഘിക്കാന്‍ അവന് അനുവാദമില്ല. ഇസ്‌ലാമിന്റെ മിതസ്വഭാവത്തില്‍ നിന്നുള്ള എടുത്തുചാട്ടം പലപ്പോഴും മനുഷ്യനെ വികലമായ സൗന്ദര്യ ഭ്രമത്തിലേക്കും സുഖാഢംബരത്തിലേക്കുമാണ് എത്തിക്കുക. അതവന്റെ ചിന്തയെയും വിചാരവികാരങ്ങളെയും സ്വാധീനിച്ച് ഭൗതികതയില്‍ തളച്ചിടും. ഒരു ഹദീസിലിങ്ങനെ കാണാം. ``ദീനാറിനും ദിര്‍ഹമിനും രോമം പൊന്തി നില്‍ക്കുന്ന, പുള്ളികളുള്ള പട്ടുവസ്‌ത്രത്തിനും അടിമപ്പെട്ടവന്‍ ദൗര്‍ഭാഗ്യത്തിലകപ്പെട്ടിരിക്കുന്നു. കൊടുത്താല്‍ അവന്‍ സംതൃപ്‌തനാകും, കൊടുത്തില്ലെങ്കില്‍ തൃപ്‌തനാവുകയുമില്ല'' (ബുഖാരി).
യഥാര്‍ഥ മുസ്‌ലിം അറിവ് ആര്‍ജിക്കുകയും അതിലൂടെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യും. അത് തന്റെ ബാധ്യതയാണെന്ന് അവന്‍ വിശ്വസിക്കുന്നു. നബി (സ) പറഞ്ഞിരിക്കുന്നു: ``അറിവ് തേടല്‍ ഒരോ മുസ്‌ലിമിനും നിര്‍ബന്ധമാണ്'' (ഇബ്‌നുമാജ). അറിവ് തേടുന്നതിനു സ്ഥലകാലസമയങ്ങള്‍ പ്രശ്‌നമല്ല. പണ്ഡിതന്മാരുടെ മഹത്വം അല്ലാഹു ഉയര്‍ത്തിയതിലൂടെ തന്നെ വിജ്ഞാന സമ്പാദനത്തിന്റെ പ്രധാന്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ``തീര്‍ച്ചയായും അല്ലാഹുവിനോട് ഭയഭക്തി കാണിക്കുന്നത് പണ്ഡിതന്മാരാണ്'' (ഫാതിര്‍ 28). വിവേകശാലികളായവര്‍ക്ക് മാത്രമേ പ്രപഞ്ചത്തിന്റെയും അതില്‍ വസിക്കുന്ന മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും സൃഷ്‌ടിപ്പിലുള്ള അല്ലാഹുവിന്റെ മഹാത്മ്യവും വൈഭവവും മനസ്സിലാക്കാനും അതിലൂടെ യഥാര്‍ഥ ദൈവഭക്തരായി തീരാനും സാധിക്കുകയുള്ളൂ. അല്ലാഹു പറയുന്നു: ``അറിവുള്ളവരും അറിവില്ലാത്തവരും സമമാവുമോ? തീര്‍ച്ചയായും ചിന്താശീലരാണ് ബുദ്ധിശാലികള്‍'' (അസ്സുമര്‍ 9).
യഥാര്‍ഥ വിശ്വാസി പണ്ഡിതനാകുന്നതോടൊപ്പം വിദ്യ തേടിക്കൊണ്ടിരിക്കുന്നവനുമായിരിക്കും. ഉയര്‍ന്ന സര്‍ട്ടിഫിക്കറ്റുകള്‍ നേടിക്കഴിഞ്ഞാല്‍, പിന്നെ അറിവ് ആര്‍ജിക്കുന്നതില്‍ തീരെ താല്‍പര്യം കാണിക്കാതെ സുഖജീവിതം നയിക്കുന്നവനല്ല. ``നാഥാ എനിക്ക് വിജ്ഞാനം വര്‍ധിപ്പിച്ചു തരണമേ'' (ത്വാഹാ 114) എന്ന വചനമവന്‍ ഉരുവിട്ടുകൊണ്ടിരിക്കും. ഇമാം മാലികി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു. ``വിജ്ഞാനമുള്ള ഒരാള്‍ക്കും പഠനം ഉപേക്ഷിക്കാന്‍ പറ്റുകയില്ല.''
വിജ്ഞാന സമ്പാദനത്തെക്കുറിച്ച് ഇമാം അബൂ സൂഫ്‌യാനുബ്‌നു ഉയയ്‌നയുടെ മറുപടി ഏറെ ശ്രദ്ധേയമാണ്. ഒരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു: ``ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജ്ഞാനം ആവശ്യമുള്ളവര്‍ ആരാണ്?'' അദ്ദേഹം പറഞ്ഞു: ``അവരുടെ കൂട്ടത്തില്‍ ഏറ്റവും വിവരമുള്ളവര്‍.'' പിന്നെയും ചോദിച്ചു: ``എന്തു കൊണ്ടാണത്?'' മറുപടി: ``അറിവുള്ളവരില്‍ നിന്ന് തെറ്റ് ഉണ്ടാവുന്നത് വളരെ മോശപ്പെട്ട കാര്യമാണ്.''
പ്രാഥമികമായി ഒരു മുസ്‌ലിമിന്റെ ബാധ്യത അല്ലാഹുവിന്റെ ഗ്രന്ഥത്തെ മനസ്സിലാക്കലാണ്. പിന്നീട് പ്രവാചക വചനങ്ങളും പ്രവാചകന്റെയും പ്രമുഖരായ സ്വഹാബികളുടെയും താബിഉകളുടെയും ചരിത്രവും അവന്‍ പഠിക്കണം. കര്‍മശാസ്‌ത്രത്തിലും സാമാന്യം അറിവ് വേണം. ശരീഅത്തിന്റെ ഏതെങ്കിലും ശാഖകളില്‍ പ്രത്യേക പഠന ഗവേഷണങ്ങള്‍ നടത്താത്തവര്‍ക്കാണിത്. ശരീഅത്തിന്റെ ഏതെങ്കിലും ശാഖകളില്‍ പഠനഗവേഷണങ്ങളിലേര്‍പ്പെടുന്നവരുണ്ടെങ്കില്‍ അതിലവര്‍ ശ്രദ്ധ പതിപ്പിക്കുകയും ആ പഠനം പൂര്‍ത്തിയാക്കുകയും ചെയ്യണം. കഴിയുന്നത്ര അറബി ഭാഷാ പരിജ്ഞാനവും അഭികാമ്യമാണ്.
യഥാര്‍ഥ മുസ്‌ലിം പഠന ഗവേഷണങ്ങളില്‍ കൂടുതല്‍ താല്‍പര്യവും ശ്രദ്ധയും കാണിക്കുന്നവനായിരിക്കും. വൈജ്ഞാനിക മേഖലകളിലെ പുതിയ കാര്യങ്ങളും നൂതന കണ്ടുപിടുത്തങ്ങളും പരീക്ഷണ ഗവേഷണങ്ങളുമെല്ലാം അറിയാന്‍ അവനെപ്പോഴും ഉത്സുകനായിരിക്കും.
അതോടൊപ്പം തന്റെ ചിന്തയെ പഠന ഗവേഷണങ്ങളില്‍ മാത്രം തളച്ചിടുകയില്ല. ബുദ്ധിക്കും ചിന്തക്കും സൈ്വരമായി വിഹരിക്കാനും പല മേഖലകളില്‍ എത്തിപ്പെടാനും അവന്‍ വഴിതേടിക്കൊണ്ടിരിക്കും. സാഹിത്യ-സംസ്‌കാരിക വളര്‍ച്ചക്ക് സഹായകമായ പുസ്‌തകങ്ങളും മാസികകളും വായിക്കും. വിവിധ ഭാഷകള്‍ പഠിക്കാനും പ്രത്യേകം താല്‍പര്യം കാണിക്കും. സമകാലിക ഇസ്‌ലാമിക ചലനങ്ങളെ അടുത്തറിയാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും ഒഴിച്ചുകൂടാനാവാത്തതാണ് ഭാഷാ പഠനം. ഭാഷാ പഠനത്തെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട് ഇസ്‌ലാം. സൈദ് ബ്‌നു സാബിതി(റ)ല്‍ നിന്ന് നിവേദനം. നബി (സ) അദ്ദേഹത്തോട് പറഞ്ഞു: ``അല്ലയോ സൈദ്, നീ ജൂതരുടെ എഴുത്ത് എനിക്ക് വേണ്ടി പഠിക്കുക. അല്ലാഹുവാണ സത്യം, ജൂതര്‍ ആരും എന്റെ ഗ്രന്ഥത്തില്‍ വിശ്വസിച്ചിട്ടില്ല.'' സൈദ്(റ) പറയുന്നു: ഉടനെ ഞാനത് പഠിക്കുകയും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അതില്‍ പ്രാവീണൃം നേടുകയും ചെയ്‌തു. പിന്നീട് റസൂലിന് വേണ്ടി അവരിലേക്ക് കത്ത് എഴുതിയിരുന്നതും റസൂലിന് അയക്കുന്ന അവരുടെ കത്തുകള്‍ വായിച്ചിരുന്നതും ഞാനായിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയുണ്ട്. എന്നോട് നബി (സ) ചോദിച്ചു: ``നിനക്ക് സുറിയാനി ഭാഷ നന്നായറിയുമോ? എനിക്ക് അതില്‍ എഴുത്തുകുത്തുകള്‍ വരുന്നുണ്ട്.'' സൈദ്(റ) പറഞ്ഞു: ``എനിക്കറിയില്ല''. അപ്പോള്‍ നബി (സ) പറഞ്ഞു: ``നീ അത് പഠിക്കുക.'' അങ്ങനെ ഞാനത് പഠിച്ചു (തിര്‍മുദി).
യഥാര്‍ഥ മുസ്‌ലിം എപ്പോഴും ആത്മപരിശോധന നടത്തികൊണ്ടിരിക്കും. അതവന്റെ ശാരീരികവും ബുദ്ധിപരവുമായ നിലവാരത്തെ പുഷ്‌ടിപ്പെടുത്തും. അതോടൊപ്പം ആത്മീയ ചൈതന്യവും സംസ്‌കരണവും നേടിയെടുക്കാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കും. മനുഷ്യ സഹജമായ ദൗര്‍ബല്യം നിമിത്തം വല്ല തെറ്റും സംഭവിച്ചാല്‍ ഉടനെ അല്ലാഹുവിനെ സ്‌മരിക്കുകയും വിനയാന്വിതനായി ചെയ്‌തുപോയ തെറ്റിന് മാപ്പിരക്കുകയും ചെയ്യും. ``യഥാര്‍ഥ ദൈവഭക്തരായ ആളുകള്‍, എപ്പോഴെങ്കിലും ചെകുത്താന്റെ സ്വാധീനത്താല്‍ അവരിലൊരു ദുര്‍വിചാരം ഉണ്ടായാല്‍ ഉടന്‍ അതേക്കുറിച്ച് ബോധവാന്മാരായി തീരുന്നു'' (അഅ്‌റാഫ് 201).
നമസ്‌ക്കാരം, ഖുര്‍ആന്‍ പരായണം, ദിക്‌റുകള്‍ തുടങ്ങിയ ഇബാദത്തുകളും സല്‍കര്‍മങ്ങളും മുഖേന ആത്മശുദ്ധിയും സംസ്‌കരണവും നേടാന്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കും. സത്യത്തെ മുറുകെ പിടിക്കും, സദുപദേശം നടത്തും. അല്ലാഹുവിനെ സ്‌മരിക്കുന്ന സദസ്സുകളില്‍ തന്റെ സാന്നിധ്യം വര്‍ധിപ്പിക്കും. അവിടത്തെ ക്ലാസുകളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും ആത്മസംസ്‌കരണത്തിന്റെ പ്രധാന്യവും മഹത്വവും മനസ്സിലാക്കാന്‍ ശ്രമിക്കും. അല്ലാഹുവിന്റെ അപാരമായ കഴിവിനെകുറിച്ചും ആകാശ ഭൂമികളുടെയും മനുഷ്യന്റെയും സൃഷ്‌ടിപ്പിനെക്കുറിച്ചും മനസ്സിലാക്കാന്‍ ശ്രമിക്കും. അബ്‌ദുല്ലാഹിബ്‌നു റവാഹ (റ) നബിയുടെ സ്വഹാബികളില്‍ ഒരാളെ കണ്ടപ്പോള്‍ പറഞ്ഞു: ``താങ്കള്‍ വരിക, കുറച്ച് സമയം നമുക്ക് അല്ലാഹുവിന്റെ വിശ്വാസികളാവാം.'' ഇത് കേട്ട നബി(സ): ``ഇബ്‌നു റവാഹയെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. മലക്കുകള്‍ സന്തോഷപൂര്‍വം അഭിമാനം കൊള്ളുന്ന സദസ്സുകളെ അദ്ദേഹം ഇഷ്‌ടപ്പെടുന്നു'' (അഹ്‌മദ്). ആത്മവിശുദ്ധിയും സംസ്‌കരണവും മുഖേന ഉദാത്തമായ ആത്മീയാവസ്ഥ കൈവരിക്കലും അങ്ങനെ ആത്മാവിനെ എല്ലാ മ്ലേഛതകളില്‍ നിന്ന് സംസ്‌കരിക്കലും സംരക്ഷിക്കലും മുസ്‌ലിമിന്റെ ബാധ്യതയാണ്. ``തീര്‍ച്ചയായും ആത്മാവിനെ പരിശുദ്ധമാക്കിയവന്‍ വിജയം വരിച്ചു. അതിന്റെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യവാനാവുകയും ചെയ്‌തു'' (അശ്ശംസ് 9).
യഥാര്‍ഥ മുസ്‌ലിം കൂട്ടുകാരെയും താമസസ്ഥലവും തെരഞ്ഞെടുക്കുമ്പോള്‍ വിശ്വാസവും ദൈവഭക്തിയും വര്‍ധിപ്പിക്കാന്‍ സഹായകമായ ചുറ്റുപാടും അന്തരീക്ഷവുമായിരിക്കും തെരഞ്ഞെടുക്കുക. ദുഷിച്ച കൂട്ടുകെട്ട് വര്‍ജിക്കുകയും തെറ്റുകളും കുറ്റങ്ങളും നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് അകന്നിരിക്കുകയും ചെയ്യും. അത്തരം കൂട്ടുകെട്ടും സഹവാസവും വിശ്വാസത്തിന് കളങ്കമുണ്ടാക്കുമെന്നും മനസ്സിനെ അന്ധകാരത്തിലെത്തിക്കുമെന്നും അവന്‍ മനസ്സിലാക്കും. ആത്മീയശക്തി നേടാനും ദൈവസ്‌മരണ നിലനിര്‍ത്താനും വേണ്ടി പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥനകള്‍ അവന്‍ ഉരുവിട്ടുകൊണ്ടിരിക്കും. വീട്ടില്‍നിന്ന് പുറപ്പെടുമ്പോഴും അവിടേക്ക് പ്രവേശിക്കുമ്പോഴും, യാത്ര പോകുമ്പോഴും വരുമ്പോഴും, പുതിയ വസ്‌ത്രം ധരിക്കുമ്പോഴും, ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴുമെല്ലാം പ്രവാചകന്‍ പഠിപ്പിച്ച പ്രാര്‍ഥനകള്‍ അവന്റെ നാവിലുണ്ടാവും.
യഥാര്‍ഥ മുസ്‌ലിം കഴിയുന്നത്ര തിരുവചനങ്ങള്‍ പഠിക്കാന്‍ കൊതിക്കും. അതിലൂടെ പ്രവാചകന്റെയും സ്വഹാബത്തിന്റെയും മാതൃക പിന്‍പറ്റാന്‍ ശ്രമിക്കും. അതവനില്‍ അല്ലാഹുവുമായുള്ള ബന്ധം ദൃഢമാക്കുകയും ആത്മസംസ്‌കരണം വര്‍ധിപ്പിക്കുകയും ആത്മീയാനുഭൂതി ജനിപ്പിക്കുകയും ചെയ്യും. ഇങ്ങനെയൊക്കെയാണ് പ്രവാചകന്‍ തന്റെ സ്വഹാബികളെ ആത്മപ്രഭാവമുള്ളവരും ജനങ്ങളില്‍ ഏറ്റവും ശ്രേഷ്‌ഠരുമാക്കിയത്. ഇതിലൂടെയാണ് മനുഷ്യ ചരിത്രത്തില്‍ മഹോന്നത സംസ്‌കാരവും ശിക്ഷണവും സിദ്ധിച്ച തലമുറ ഉദയം ചെയ്‌തത്.